Pages

Thursday, December 13, 2012

കല ജനങ്ങളിലേക്ക് ഇറങ്ങുന്നില്ല


12/12/12.
ചരിത്രത്തിലെ മാന്ത്രിക സംഖ്യകള്‍ ഒന്നിച്ചു വന്ന ദിവസം കൊച്ചിയില്‍ ആരംഭിച്ച കൊച്ചിന്‍ മുസിരിസ് ബിനാലെയെ സംബന്ധിച്ച് മനസ്സിലാക്കുമ്പോള്‍ പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ പലയിടത്തു നിന്നും കാണാന്‍ കഴിയുന്നുണ്ട്.ഇങ്ങനെയൊക്കെ, പല കോണില്‍ നിന്നും
ഒരുപാട് പ്രതിഷേധങ്ങള്‍ക്കിടയിലും Art-നെ നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുവാന്‍ (കച്ചവടം ) ബിനാലെ ഫൌണ്ടേഷന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പടയ്ക്കുന്ന മാദ്ധ്യമങ്ങളെ കാണുമ്പോള്‍
മലയാള മനോരമയും , മാതൃഭൂമി ആഴ്ചപ്പതിപ്പും കാശ് വാങ്ങിയിട്ടുണ്ടോ എന്നൊരു സംശയം .

"റിയാസ് കോമു, ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ ബിനാലെ പദ്ധതിയ്ക്ക് അയോഗ്യരാണെന്നും , ഇവര്‍ തട്ടിപ്പുകാരാണെന്നും , ബിനാലെ തട്ടിപ്പു പ്രസ്ഥാനമാണെന്നും തുടങ്ങിയ പ്രസ്താവനകള്‍ ആദ്യം തന്നെ ശരാശരി ബുദ്ധിയുള്ള ഒരു സമൂഹത്തിന്‌ ഉള്‍ ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു" എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വലിയ അക്ഷരത്തില്‍ ആദ്യം തന്നെ കാണിച്ചിരിക്കുന്നു.

കീലേരി അച്ചു എന്ന മാമുക്കോയ കഥാപാത്രം ഗുണ്ടയായി വന്നു വെല്ലു വിളിക്കുമ്പോള്‍ 'ഞാനുണ്ടെടാ നിന്നോട് കളിക്കാന്‍' എന്നു പറയുന്ന ജയറാം കഥാപാത്രത്തിന്റെ തോളില്‍ കയ്യിട്ട് "ആരുണ്ടെടാ ഞങ്ങള്‍ രണ്ടാളോടും കളിക്കാന്‍ ? " എന്നു ചോദിക്കുന്ന സീനാണ്‌ ഓര്‍മ്മ വന്നത്.
ആരെങ്കിലും എതിര്‍ത്താല്‍ അവരെ ഈ പറഞ്ഞ ബുദ്ധിയുള്ള ശരാശരിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നൊരു ധ്വനി വെറും വായനയില്‍ തന്നെ കൊളുത്തി.

ബിനാലെ ഫൌണ്ടേഷന്‌ അഞ്ചു കോടി രൂപ അനുവദിച്ചതിലെ ധാര്‍മികതയാണ്‌ ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്/ആക്കിയിരിക്കുന്നത്. കഴിഞ്ഞ ഇടതു ഗവണ്‍മെന്റില്‍ സാംസ്കാരികം കൈകാര്യം ചെയ്തിരുന്ന സഖാവ്: എം . എ ബേബി അനുവദിച്ച ഈ അഞ്ചു കോടിയെ സംബന്ധിച്ച് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് അന്വേഷണത്തിനുത്തരവിട്ട പശ്ചാത്തലത്തില്‍ ഈ കാശിന്റെ കൃത്യമായ കണക്കുകളെപ്പറ്റിയുള്ള ചോദ്യം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണ്‌ എന്ന പറച്ചിലാണ്‌ യഥാര്‍ഥത്തില്‍ സാമാന്യ യുക്തിക്ക് നിരക്കാത്തത്. പ്രത്യേകിച്ചും എം . എ ബേബിയുടെ കുടുംബ ഫണ്ടില്‍ നിന്നല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്‌ അഞ്ചു കോടി അനുവദിച്ചിരിക്കുന്നത് എന്നതുകൊണ്ട്.
മറ്റൊന്ന്‌,
കേരളത്തില്‍ ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഫൈന്‍ ആര്‍ട്സ് കോളേജുകള്‍ക്ക് ഇന്ത്യയിലെ ആദ്യത്തെ ബിനാലെ നമ്മുടെ സ്വന്തം കൊച്ചിയില്‍ നടക്കുമ്പോള്‍ അതിലുള്ള റോള്‍ ഇപ്പോഴും വ്യക്തമല്ല; അങ്ങനെയെന്തെങ്കിലും ഉണ്ടോ എന്നു പോലും വ്യക്തമല്ല.
എന്തായാലും ആര്‍ക്കെങ്കിലും ഇതൊക്കെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ നടക്കട്ടെ. അരാജകത്വത്തിന്റെ വക്താക്കള്‍ എന്ന പഴി ഏതെങ്കിലും കലാകാരന്മാരില്‍ നിന്നും ഒഴിയുമെങ്കില്‍ അങ്ങനെയുമാകട്ടെ...

No comments:

Post a Comment