Pages

Wednesday, November 7, 2012

മാലാഖക്കുട്ടിയ്ക്ക്....

ഇന്ന്, 
ചാരുംമൂട്ടില് വച്ച് ഒരു ചെറിയ തിരക്കില് നിന്നപ്പോഴാണ് "മുജീബിക്കയല്ലേ" എന്നൊരു ചോദ്യം കേട്ടത്. നോക്കിയപ്പോള് ഒരു പരിചയവുമില്ലാത്തൊരു പെണ്കുട്ടി. 'എന്താ ഇവിടെ' എന്നവള് വലിയ പരിചയത്തില് തന്നെ ചോദിച്ചു. ഫെയ്സ്ബുക്കില്പ്പോലും ഇങ്ങനൊരാളെ പരിചയമില്ലാത്തതുകൊണ്ട് "എനിക്കു മനസ്സിലായില്ല" എന്നു ഞാന്‍ മറുപടി കൊടുത്തു. 

കോളേജില് പഠിക്കുന്ന കാലത്ത്, ഒരിക്കല് വീട്ടില് വച്ച് കട്ടപ്പുറത്ത് വച്ചിരുന്ന ഒരു സ്ലാബ് ഞാന്‍ ഒറ്റയ്ക്കൊന്നു പൊക്കി. വെറുതെ ഒരു അഭ്യാസം . താഴ്ത്തി വച്ചപ്പോ പണി പാളി. ഇടതു കൈ വലിച്ചെടുത്തു നോക്കിയപ്പോള് KSRTC ബസ്സിലെ ഗിയര് ലിവര് പോലെയിരുന്നു വിറയ്ക്കുന്നു, ഇടതുകയ്യിലെ ചതഞ്ഞ ചൂണ്ടുവിരല് . ഭാഗ്യത്തിന് നഖം മുഴുവനായി ഊരിപ്പോയിട്ടില്ല.:(
രണ്ടു മൂന്നു ദിവസം അടുത്തൊരു ആശുപത്രിയില് പോയി ഡ്രെസ്സ് ചെയ്തു. നഖം ഊരിപ്പോകാത്തതുകൊണ്ട് ആകെ എടങ്ങേറായി. ഒടുവില് , സഹികെട്ട് ഞാന്‍ തന്നെ പറഞ്ഞിട്ട് നഖം വലിച്ചൂരിക്കളഞ്ഞു. 
പിറ്റേന്നു ഡ്രെസ്സ് ചെയ്യാന് പോയപ്പോള് ഭംഗിയുള്ള ഒരു നേഴ്സ് കൊച്ച്, ഒരു കൊടിലിന്റെ തുമ്പത്ത് കാല്ക്കിലോ പഞ്ഞിയെടുത്ത് നഖം പോയ മുറിവിനു മുകളില് തുടയ്ക്കാന് തുടങ്ങി. "ഇക്കിളിയാകുന്നുണ്ടോ" എന്നൊരര്ഥത്തില് അവളെന്നെ നോക്കുന്നുമുണ്ട്. "മന്നാഡിയാര് ക്ഷത്രിയനാണ്" എന്നു മനസ്സില് പറഞ്ഞ് ഞാന്‍ ബലം പിടിച്ചിരിക്കുന്നു. പെട്ടെന്ന്, പഞ്ഞി പിടിച്ചിരുന്ന കൊറ്റിലിന്റെ തുമ്പ് നഖം പോയ ചൂണ്ടു വിരലില് കൊണ്ടതും വേദനിച്ചോ എന്നവള് ചോദിച്ചതും ഒരുമിച്ചായിരുന്നു.
സകല നിയന്ത്രണവും വിട്ട് ഞാന്‍ അലറി. "കയ്യീ കുത്തിയിട്ടാണോടീ പട്ടീ......(^&*$^#%*$&#^$......"

'സോറി ചേട്ടാ' എന്നല്ലാതെ ഒന്നുമവള് പറഞ്ഞില്ല.
അതിനുശേഷം ഇന്നാണവളെ കാണുന്നത്. 
***(Flash Back അവളോര്മ്മിപ്പിച്ചതാണ്)

ചമ്മല് മറച്ചു വച്ച് ഞാന്‍ പറഞ്ഞു; "അന്നു വേദന കൊണ്ട് വിളിച്ചു പോയതാ. i'm sorry" 
മനോഹരമായ ഒരു ചിരിയ്ക്കൊപ്പമായിരുന്നു അവളുടെ മറുപടി. "അതൊന്നും സാരമില്ല ഇക്കാ, അതുകൊണ്ട് ഇപ്പഴും ഞാന് ഇക്കയെ ഓര്‍ത്തിരിക്കുന്നു"

തെറി വിളിക്കുന്നവനെയും ഓര്ത്തിരിക്കുന്ന ഈ നന്മ 
ഭൂമിയിലെ മാലാഖമാര്ക്കു മാത്രം അവകാശപ്പെട്ടതാണ്; 

പ്രിയപ്പെട്ട പെണ്കുട്ടീ,
അന്നെന്നോട് കാണിച്ച കരുതലിന്, ഹൃദയം നിറഞ്ഞ നന്ദി...!!!
--------------------------------
കാര്യം ഇങ്ങനെയൊക്കെയാനെങ്കിലും, നഖം ഊരിപ്പോയ ചൂണ്ടുവിരലില് കൊണ്ട കൊടിലിന്റെ തുമ്പ്...
ഹ്ഹോ.... ഇപ്പോഴും മേലു പെരുക്കുന്നു.... :p

No comments:

Post a Comment