Pages

Saturday, October 8, 2011

പാപം ചെയ്യാത്തവരുണ്ടെങ്കില്‍ കല്ലെറിയട്ടെ.


കുറച്ചു നാളുകളായി, ഫെയ്സ് ബുക്കിലും, മൊബൈല്‍ ഫോണിലും പൃഥ്വിരാജിനെപ്പറ്റി മോശം കമന്റ്സ് കാണാന്‍ തുടങ്ങിയിട്ട്. കാര്യം, കല്യാണ വിഷയത്തില്‍ എരപ്പാളിത്തരമാണ്‌ കാണിച്ചതെങ്കിലും ഇത്ര വിശാലമായ ഒരെതിര്‍‌പ്പ് പൃഥ്വിരാജ് അര്‍‌ഹിക്കുന്നുണ്ടോ?
ഒരു നടന്‍ എന്ന നിലയില്‍ പരാജയമാണെന്ന്‌ അദ്ദേഹത്തെ എതിര്‍‌ക്കുന്ന ആര്‍‌ക്കെങ്കിലും തെളിയിക്കാന്‍ പറ്റുമോ?

ചാനല്‍ ഇന്റര്‍‌വ്യൂകളില്‍ പൃഥ്വിരാജിനെപ്പോലെ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന മറ്റേതെങ്കിലും ഒരു നടനെ കാണിച്ചു തരാന്‍ കഴിയുമോ?
ലൊക്കേഷനുകളില്‍ ഉത്തരവാദിത്വമില്ലായ്മ കാണുമ്പോള്‍ ക്ഷോഭിക്കുന്നത് മാപ്പര്‍‌ഹിക്കാത്ത തെറ്റാണോ?
ഇംഗ്ലീഷ് പറയുന്നതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നവര്‍‌ 
എന്താണ്‌ പൃഥ്വിരാജിന്‌ അതിനുള്ള യോഗ്യത എന്ന് മനസ്സിലാക്കിയിട്ടുണ്ടോ? മലയാളം പഠിക്കാന്‍ കഴിയാതിരുന്നത്‌ തനിക്കു പറ്റിയ ഏറ്റവും വലിയ നഷ്ടമാണെന്ന്‌ ഈ നടന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. അതൊന്നും ആരും കണ്ടതുമില്ല, കേട്ടതുമില്ല.
കൈകൂപ്പി നമസ്കാരം പറഞ്ഞു കൊണ്ടാണ്‌ അദ്ദേഹം ഏതൊരു ചാനല്‍ ഇന്റര്‍‌വ്യൂവിലും സംസാരിച്ചു തുടങ്ങാറ്‌. 
ഹൃദയ ശസ്ത്രക്രിയയ്ക്ക് കാശ് കൊടുത്തതിന്റെ നന്ദി രേഖപ്പെടുത്താന്‍ നിറകണ്ണുകളോടെ നിന്ന നിരാലംബരായ മാതാപിതാക്കളുടെ മുമ്പില്‍ കാലിന്‍മേല്‍ കാലും കയറ്റിവച്ചു കൊണ്ടിരുന്ന്‌ മഹാനടന്റെ ഹുങ്ക് കാണിച്ച മമ്മൂട്ടിയെയും, "വൈകിട്ടെന്താ പരിപാടി"യെന്ന്‌ റോഡരികിലെ ബഹുവര്‍‌ണ്ണ പരസ്യത്തില്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്ന ലെഫ്റ്റണന്റ് കേണല്‍ മോഹന്‍ലാലിനും മുമ്പില്‍ പൃഥ്വിരാജ് എന്ന നടന്റെ യോഗ്യത മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ പിടിച്ചിരിക്കുന്ന മുയലിന്‌ കൊമ്പെത്രയാണെന്ന്‌ ഒന്നു കൂടി പരിശോധിക്കണം. സത്യസന്ധമായി മുയലിന്‌ കൊമ്പില്ലെന്ന്‌ അംഗീകരിക്കാനുള്ള മനസ്സ് കാണീക്കണം.

.
ഈ അടുത്തകാലത്ത് മമ്മൂട്ടി , മോഹന്‍ലാല്‍ , സുരേഷ് ഗോപി , ദിലീപ് , പൃഥ്വിരാജ് എന്നിവര്‍‌ പോലീസ് വേഷങ്ങളില്‍ നില്‍ക്കുന്ന ഒരു എഡിറ്റഡ് ഫോട്ടോ പോസ്റ്റുമോര്‍‌ട്ടത്തില്‍ "പൃഥ്വിരാജിനെ പോലീസ് വേഷത്തില്‍ കൊള്ളുകയേ ഇല്ല" എന്ന മട്ടില്‍ പലരും പ്രതികരിക്കുന്നത് കണ്ടു. പക്ഷേ, മലയാളത്തിലെ മികച്ച പോലീസ് വേഷങ്ങളിലൊന്നാണ്‌ 'വര്‍‌ഗ്ഗം' എന്ന സിനിമയിലെ പൃഥ്വിരാജ് ചെയ്ത സബ് ഇന്‍സ്പെക്ടറുടെ വേഷം എന്നു പറഞ്ഞാല്‍ ആ സിനിമ കണ്ടിട്ടുള്ള ആര്‍‌ക്കെങ്കിലും അത് നിഷേധിക്കാന്‍ കഴിയുമോ?
പൃഥ്വിരാജ് എന്ന നടന്റെ റേഞ്ച് മനസ്സിലാക്കണമെങ്കില്‍ 'വര്‍‌ഗ്ഗം' , 'വാസ്തവം' എന്നീ രണ്ടു സിനിമകള്‍ മാത്രം മുന്‍വിധികളില്ലാതെ കണ്ടാല്‍ മതിയാകും. വാസ്തവം എന്ന സിനിമയിലെ പൃഥ്വിരാജ് അവതരിപ്പിച്ച 'ബാലചന്ദ്രന്‍ അഡിഗ'  എന്ന കഥാപാത്രം ആ നടന്റെ കൈകളില്‍ എത്രത്തോളം ഭദ്രമായിരുന്നു...!!
ആ ഒരു കഥാപാത്രം ചെയ്യാന്‍ പറ്റിയ ഒരാളെയെങ്കിലും മലയാളത്തിലെ യുവനടന്മാരില്‍ കാണിച്ചു തരാന്‍ പറ്റുമോ; പൃഥ്വിരാജല്ലാതെ...??
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ, എന്തിനാണ്‌ ഈ പരിഹാസവും അട്ടഹാസവും? ഒരു നടനോടുള്ള എതിര്‍‌പ്പ് പ്രകടിപ്പിക്കുമ്പോള്‍ സര്‍‌ഗ്ഗാത്മകമായിട്ട് വേണ്ടേ പ്രകടിപ്പിക്കാന്‍ ..??
ഇതിപ്പോള്‍  അയാളുടെ ഭാര്യയേയും, അമ്മയേയും, മരിച്ചു പോയ അച്ഛനേയുമൊക്കെ എന്തിനാണിങ്ങനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്?
ഭാര്യയ്ക്കെതിരെയുള്ള വലിയ ആരോപണം, ഏതോ ഒരു ഇന്റര്‍‌വ്യൂവില്‍ അവര്‍‌ പറഞ്ഞത്രേ, 'പൃഥ്വിരാജ് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു പോലെ മറ്റാര്‍‌ക്കെങ്കിലും പറ്റുമോ' എന്ന് തനിക്ക് സംശയമുണ്ടെന്ന്‌...!!! സ്വന്തം ഭര്‍‌ത്താവിനെപ്പറ്റിത്തന്നെയല്ലേ ആ പെണ്‍കുട്ടി അങ്ങനെ പറഞ്ഞത്? അതിലെന്താണിത്ര അതിശയോക്തി? സ്വന്തം ഭര്‍‌ത്താവിനെപ്പറ്റി രണ്ട് നല്ല വാക്കു പറയാന്‍ (അതിലെത്ര ശെരി, എത്ര തെറ്റ് എന്നതല്ല വിഷയം) ഒരു ഭാര്യയ്ക്ക് അവകാശമില്ലേ?
.
എന്തിനെന്നു പോലും കൃത്യമായിട്ട് മനസ്സിലാക്കാതെ പരിഹാസം ഷെയറ്‌ ചെയ്ത നമ്മളൊക്കെ പാപം ചെയ്തവരല്ലേ...??? 
പിന്നെന്തിനാണ്‌ ഇങ്ങനെ കല്ലെറിയാന്‍ തിരക്ക് കൂട്ടുന്നത്...?? 
ഒറ്റപ്പെട്ടു മാറി നില്‍ക്കുന്നവരെ നോക്കൂ. അവരിലാരെങ്കിലും പാപം ചെയ്യാത്തവരുണ്ടെങ്കില്‍ അവര്‍‌ കല്ലെറിയട്ടെ.
നമുക്കു മാറിക്കൊടുക്കാം...

2 comments:

  1. നന്നായി എഴുതി. രാജപ്പൻ വീഡിയോ വരെ ഈ വിഷയം ഒരു തമാശയായിട്ടേ എനിക്ക് തോന്നിയുള്ളൂ. പിന്നീട് അത് തരം താഴ്ന്ന് താഴ്ന്ന് അയാളുടെ അമ്മയേയും ഭാര്യയേയും വരെ ആക്ഷേപിക്കുന്ന തറ മെയിലുകളുടേയും എസ് എം എസ്സുകളുടേയും രൂപത്തിലായപ്പോൾ ശരിക്കും സഹതാപം തോന്നി. നമ്മോടൊക്കെ എന്തു ചെയ്തിട്ടാണ് ഒരു വ്യക്തിയെ -അയാൾ അയാളുടെ സ്വകാര്യ ജീവിതത്തിൽ എങ്ങനെയും ആയിക്കോട്ടെ- ഇങ്ങനെ സംഘടിതമായി തേജോവധം ചെയ്യുന്നത്?
    [പാവപ്പെട്ടനെ നടുറോഡിൽ ഇട്ട് പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നതു കണ്ട് ആസ്വദിക്കുന്ന സംസ്കാരസമ്പന്നരായ വലിയൊരുകൂട്ടം മലയാളികൾക്ക് ഇതൊക്കെ എന്ത്?]

    ReplyDelete
  2. പാവപ്പെട്ടനെ നടുറോഡിൽ ഇട്ട് പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നതു കണ്ട് ആസ്വദിക്കുന്ന സംസ്കാരസമ്പന്നരായ വലിയൊരുകൂട്ടം മലയാളികൾക്ക് ഇതൊക്കെ എന്ത്?
    --ശരിയാണ്‌ സുഹൃത്തേ..... സാക്ഷരതയില്‍ നൂറു ശതമാനം കൈവരിച്ച്‌ വീണ്ടും, വീണ്ടു നമ്മള്‍ ഒന്നുമല്ലാതായിക്കൊണ്ടിരിക്കുന്നു.

    ReplyDelete