Pages

Wednesday, October 19, 2011

മുണ്ടുപൊക്കിന്റെ രാഷ്ട്രീയം


വാളകവും, വെളുത്ത കാറും, പിള്ളയുടെ ഫോണും, ഉണ്ടയില്ലാ വെടിയും, നിര്‍‌മല്‍ മാധവും, ഒലക്കേടെ മൂടും..... ഹോ.........എന്തൊക്കെയായിരുന്നു?
അവസാനം, ദാ കിടക്കുന്നു. പൂരക്കളിയും കഴിഞ്ഞ്‌ വിപ്ലവ കേരളത്തിന്റെ ക്ഷുഭിത യൗവനം സഖാവ് രാജേഷ് ചാനലുകള്‍ക്കു മുമ്പില്‍ പിച്ചിച്ചീന്തപ്പെട്ട തന്റെ കയ്യും, മാനവും പ്രദര്‍‌ശിപ്പിച്ച് പൊട്ടിക്കരഞ്ഞു. (മാനത്തിന്‌ ഹാനിയുണ്ടായി എന്ന ആരോപണം അംഗീകരിക്കുന്നു. പക്ഷേ, ചാനലുകള്‍ക്കു മുമ്പില്‍ കാണിച്ച കയ്യില്‍ കുറേ പൂടയല്ലാതെ 'മാന്തി'യതിന്റെ ഒരടയാളവും  ഞാന്‍ കണ്ടില്ല.)
------------------------------

യഥാര്‍‌ഥത്തില്‍ എന്താണ്‌ കേരളാ നിയമസഭയില്‍ നടക്കുന്നത്?
സമാധാനത്തിന്റെ വെള്ളയിട്ട കുറേ പാവങ്ങള്‍ വന്ന്‌ നിരന്നു നില്‍ക്കുന്നു. കയ്യൂക്കുള്ളവര്‍‌ അവരെ തള്ളി മാറ്റുന്നു. രാവിലെ കഞ്ഞി കുടിക്കാന്‍ സമയം കിട്ടാത്തതു കൊണ്ടാകും, കെല്പ്പില്ലാത്തവര്‍‌ ഉരുണ്ടു വീഴുന്നു...!!!
ആരുടേതാണ്‌ കുറ്റം? മിനിമം ഒരു തൊപ്പി തലയില്‍ വച്ച്‌ ബാലന്‍സ് ചെയ്യാന്‍ കഴിവുള്ളവരെ വേണം രാഷ്ട്രീയത്തിന്റെ സര്‍‌വ്വ ഉടായിപ്പും പയറ്റിത്തെളിഞ്ഞ തമ്പുരാക്കന്മാരുടെ മുമ്പില്‍ കൊണ്ടു നിര്‍‌ത്താന്‍ . കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍‌ക്ക് പണി അറിയാം. അതുകൊണ്ടാണ്‌, മാനത്തോട്ടും ഭൂമിയിലോട്ടുമല്ലാത്ത വെടി വച്ചിട്ട് "ഞാന്‍ നേരെയാ വച്ചത്" എന്ന്‌ ധൈര്യപൂര്‍‌വ്വം പറഞ്ഞത്.
കമ്മീഷണറ്‌ സാറേ, ഇത് രജനീകാന്തിന്റെ സില്‍മയൊന്നുമല്ലല്ലോ, എങ്ങോട്ടെങ്കിലും വച്ചാല്‍ ഉണ്ട കറങ്ങിത്തിരിഞ്ഞ് വന്ന്‌ ശത്രുന്റെ നെഞ്ചത്ത് കേറാന്‍ ...!!!
--------------------

ഇന്നലെ കണ്ട മറ്റൊരു രസം, ദ്വയാര്‍‌ഥ പ്രയോഗങ്ങളുടെ ആസ്ഥാന മുതലാളി സഖാവ് വി. എസിന്റെ പ്രസ്ഥാവനയാണ്‌. വളരെ മാന്യമായ പരാമര്‍‌ശം.

മന്ത്രി കെ.പി മോഹനന്‍ സ്ത്രീകളുള്‍പ്പെടെയുള്ള സഭയില്‍ ''മുണ്ടുപൊക്കി കാണിച്ചു....!!!!''

നാട്ടിന്‍ പുറത്തൊക്കെ ഇങ്ങനെയുള്ള പരിപാടി ആരെങ്കിലും കാണിച്ചാല്‍ പിന്നൊരിക്കലും അവനങ്ങനെ കാണിക്കില്ല. കാണിച്ചത് മന്ത്രിയും, കണ്ടത് സഖാവ് കോടിയേരി, ജി. സുധാകരന്‍ , തോമസ് ഐസക്, ജയരാജന്‍ തുടങ്ങി സാംസ്കാരിക കേരളത്തിലെ സമാധാനപ്രിയരായ കമ്മ്യൂണിസ്റ്റുകാരായതു കൊണ്ട്  കണ്ടങ്ങു നിന്നു എന്നു കരുതിയാല്‍ മതി. ല്ലേ?
ജി. സുധാകരനു വേണമെങ്കില്‍ ഒരു കവിതയെഴുതാം. 'മുണ്ടു പൊക്കിയ മന്ത്രി' എന്നോ മറ്റോ ഒരു തലക്കെട്ടു കൊടുക്കാം.
തോമസ് ഐസക്കിനും സാദ്ധ്യതകളുണ്ട്. 'ഭൗതിക വാദത്തിനപ്പുറത്തെ ആന്തരിക പ്രദര്‍‌ശനങ്ങളും, മൂന്നാം ലോകവും' എന്ന വിഷയത്തില്‍ ഒരു പ്രബന്ധം തയ്യാറാക്കാം.
ജയരാജ- കോടിയേരി സഖാക്കള്‍ക്ക് 'മുണ്ടുപൊക്കിനപ്പുറത്തെ സംയമന സിദ്ധാന്തത്തിന്റെ മാനുഷിക വശങ്ങളെപ്പറ്റി' ഒരു പാര്‍‌ട്ടി ക്ലാസ്സെടുക്കാം.
ഇതിലേതു ചെയ്താലും പബ്ലിസിറ്റിയുടെ കാര്യം പ്രതിപക്ഷനേതാവ് ചെയ്തോളും. 'കടമറ്റത്തു കത്തനാര്‍‌ ' നാടകത്തിന്റെ അനൗണ്‍സ്മെന്റിനെ വെല്ലുന്ന വിധത്തില്‍ മുണ്ടു പൊക്കിന്റെ രാഷ്ട്രീയ സാദ്ധ്യതകളെപ്പറ്റി പത്രസമ്മേളനമോ, ആംഗ്യ- ഗോഷ്ഠി നാടകമോ....എന്താന്നു വച്ചാല്‍ അതിന്റെ പരുവത്തിന്‌ അരുണ്‍ കുമാറിന്റെ അച്ഛന്‍ ചെയ്തോളും.

പ്രതികരിക്കാന്‍ ആര്‌?
നാലാളിന്റെ മുമ്പില്‍ നിന്ന്‌ മര്യാദയ്ക്കു നാലക്ഷരം പറയാന്‍ വയ്യാത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ..? ക്ഷമിക്കണം, അതിനിപ്പോ സമയമില്ല. എസ്.എഫ്.ഐ യാല്‍ അടിച്ചമര്‍‌ത്തപ്പെട്ട കേരളത്തിലെ ബുദ്ധിജീവികളായ** (!!!) മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍‌ഥികള്‍ക്ക് അനുഗ്രഹം കൊടുത്തു നടക്കുന്ന അഭിനവ പുണ്യാളനാണ്‌, ഉമ്മന്‍ ചാണ്ടിയിപ്പോള്‍ .....
കാങ്ക്രസ്സായാലും, കമ്മ്യൂണിസ്റ്റായാലും ആല്‌ കിളിച്ചാല്‍ അതിന്റെ തണലിന്റെ സുഖമൊന്നു വേറേ തന്നെ.
..........................................................................................................................
**(എന്‍ട്രന്‍സ് എഴുതി റാങ്ക് മേടിച്ച് ഗവണ്മെന്റ് കോളേജില്‍ പഠിക്കാന്‍ അര്‍‌ഹതകിട്ടിയ നൂറു ക്ലണക്കിന്‌ വിദ്യാര്‍‌ഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു വേണമായിരുന്നോ പ്രിയപ്പെട്ട സി. എമ്മേ, ചക്ക വീണ്‌ മുയല്‌ ചത്തവനോടുള്ള ആശ്രിത വാല്‍സല്യം...??? കഷ്ടം....!!!)

No comments:

Post a Comment