Pages

Saturday, October 22, 2011

കഥയല്ലിത് ജീവിതം-ആനന്ദലബ്ധിക്കിനിയെന്തു വേണം...!!!


വീട്ടിലിപ്പോ ശനിയും, ഞായറും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌, അത്താഴ സമയത്ത്. അമൃത ടിവിയിലെ 'കഥയല്ലിത് ജീവിതം' പരിപാടിയെപ്പറ്റിയുള്ള നിരൂപണ-വിമര്‍‌ശന ചര്‍‌ച്ചകളില്‍ അടുക്കള ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസ്ഥ.
ആച്ച്വലി, എന്താണീ സംഭവം? 


ശരാശരി മലയാളി പൊങ്ങച്ച വീട്ടമ്മയുടെ എല്ലാ മര്യാദകേടുകളും എടുത്തണിഞ്ഞ ഒരു മഹിളാരത്നം വിദ്യാഭ്യാസപരമായും, ബൗദ്ധികപരമായും ഒരുപാട് താഴ്ന്ന നിലയില്‍ നിക്കുന്ന കുടുംബത്തില്‍ പെട്ട ആണിനേയും പെണ്ണിനേയും ഇരുത്തി അവരുടെ വിവരമില്ലായ്മയും, സങ്കടങ്ങളും ശിവമണിയുടെ ഡ്രം മ്യൂസിക്കിന്റെയും കുടമാളൂര്‍‌ അപ്പുക്കുട്ടന്‍മാരാരുടെ ചെണ്ടമേളത്തിന്റെയും  അകമ്പടിയോടു കൂടി അവതരിപ്പിച്ച് കാശുണ്ടാക്കുന്നു. പട്ടി കടിക്കാന്‍ ഓടിച്ചാലും "ഓഹ്, മൈ അമ്മച്ച്യേ......" എന്നു മാത്രമേ വിളിക്കൂ എന്നു വാശിയുള്ളതുപോലെ കോട്ടും, ടൈയ്യുമിട്ട കുറേ തമ്പുരാക്കന്മാര്‍‌ അവരുടെ സാമൂഹിക-സാംസ്കാരിക  നിലവാരം (ത്ഫൂ....) കാണിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നു.പോരാഞ്ഞിട്ട് പുട്ടിനു പീര പോലെ ജാരക്കഥയും (വിത്ത് മ്യൂസിക്ക്....)...!!!ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലായതു കൊണ്ട് നമ്മള്‍ കുറേപ്പേര്‍‌ ഇതൊക്കെ കണ്ട് സായൂജ്യം കൊള്ളുന്നു. 
ആനന്ദലബ്ധിക്കിനിയെന്തു വേണം...!!!

യഥാര്‍‌ഥത്തില്‍ എന്താണ്‌ ഇതിന്റെയൊരു ലോജിക്?
കേരളാ ലീഗല്‍ സര്‍‌വ്വീസസ് സൊസൈറ്റിയുടെ ആശീര്‍‌വാദത്തോടു കൂടിയാണ്‌ ബാക് ഗ്രൗണ്ട് മ്യൂസിക് കൊടുത്ത് നാട്ടുകാരന്റെ കുടുംബ ജീവിതത്തില്‍ അവിഹിതം ആരോപിക്കുന്ന ഈ പരിപാടി അരങ്ങേറുന്നത് എന്നു കാണാന്‍ കഴിഞ്ഞു. കഷ്ടം...!!!
ഇങ്ങനെയാണെങ്കില്‍, നാട്ടില്‍ നടക്കുന്ന സ്ത്രീപീഡനക്കേസുകളിലും, കൊലപാതകക്കേസുകളിലും ഇത്തരമൊരു സംബ്രദായം കൊണ്ടു വരാന്‍ കഴിഞ്ഞാല്‍ ......!!!
ന്റെ പടച്ചോനേ, മര്‍‌ഡോക്കിന്റെ ഏഷ്യാനെറ്റൊക്കെ സ്റ്റാര്‍‌ സിംഗറും നിര്‍‌ത്തി വല്ല കൊള്ളാവുന്ന അവിഹിതകഥയും തപ്പി പോകേണ്ടി വരുമല്ലോ...!!! മനോരമ ന്യൂസിന്‌ കുഴപ്പമില്ല, വേണ്ട ഐറ്റം പിള്ളേര്‌ എന്നേ എന്‍സൈക്ലോപീഡിയയാക്കി വച്ചിട്ടൊണ്ട്. അടുത്ത എന്റര്‍‌ടെയ്ന്മെന്റ് ചാനല്‍ വരുമ്പോള്‍ കുറച്ചു കൂടി നിലവാരമുള്ള അവിഹിതകഥകള്‍ നമുക്കു പ്രതീക്ഷിക്കാം. അതുമല്ലെങ്കില്‍, 'ഫ്ലാഷ്' പത്രവുമായിട്ട് ഒരു ഇമ്മോറല്‍ കൊളാബ്രേഷന്‍ ഉണ്ടാക്കാം. തമ്മില്‍ ഭേദം...എന്നു പറയും പോലെ.

അതെന്തായാലും....
ഇനീപ്പോ അമ്മേടെ ചാനലായതു കൊണ്ടാണ്‌ ഇത്തരമൊരു പരിപാടി അവതരിപ്പിക്കുന്നതെങ്കില്‌, അവിഹിത കഥകളുടെ ഒരു റിയാലിറ്റി-സെലിബ്രിറ്റി ഷോ ആക്കുന്നതായിരിക്കും ഉചിതം. ഒരു മെഗാ ഫിനാലെ വച്ചിട്ട് യേശുദാസിനെക്കൊണ്ട് ഒരു മതമൈത്രീ പ്രസംഗവും, ഏറ്റവും നല്ല നിലയില്‍ കുടുംബ ബന്ധം തകര്‍‌ത്തവര്‍‌ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കുന്ന തരത്തില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഒരു ഡിക്ഷ്ണറിയും സംഭാവന കൊടുപ്പിക്കാം. ഇതൊന്നും പോരെങ്കില്‍ കുടുംബം തകര്‍‌ത്ത 'അവതാരക അമ്മച്ചി'യെയും ടൈ കെട്ടിയ 'ഇങ്കിളീഷ് അപ്പുപ്പമ്മാരെ'യും സാക്ഷിയാക്കിക്കൊണ്ട് ഏറ്റവും നല്ല നിലയില്‍ നാട്ടുകാരുടെ മുമ്പില്‍ നാറി നാണം കെട്ടു പോയ ഏതെങ്കിലും പെണ്‍കുട്ടിയ്ക്ക് 'അമ്മ'യുടെ തൃക്കയ്യാല്‍ ഒരു മുഴം കയറ്‌ സംഭാവന ചെയ്ത് പരിപാടി അവസാനിപ്പിക്കാവുന്നതാണ്‌.
..............................................
വൊഡാഫോണ്‍ കോമഡി സ്റ്റാറിലെ ജഗദീഷിന്റെ 'ഇങ്കിളീഷ്' കേള്‍ക്കാന്‍ ആളില്ലെന്നാ ഇപ്പോ അങ്ങാടീലൊക്കെ സംസാരം.
ഇങ്കിളീഷ് അപ്പൂപ്പമ്മാര്‍‌ക്കാണു പോലും മാര്‍‌ക്കറ്റ്...!!!

No comments:

Post a Comment