Pages

Friday, November 4, 2011

എന്റെ രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ ഞാനഭിമാനം കൊള്ളുന്നു


വലിയ ഇടവേളകള്‍ തന്നു ബുദ്ധിമുട്ടിക്കാതെ എണ്ണക്കമ്പനികള്‍ വീണ്ടും എണ്ണവില കൂട്ടി നിശ്ചയിച്ചു. പതിവുപോലെ നമ്മുടെ ഈ കൊച്ചു കേരളത്തിലും അതിന്റെ അലയൊലികള്‍ ആരംഭിച്ചു. ഇനി നടക്കാന്‍ പോകുന്നത് എന്തൊക്കെയെന്ന്‌ നമുക്ക് കൃത്യമായി ഊഹിക്കാം.

നികുതിയില്‍ നിന്നും നാലു പൈസ കുറച്ച് ഉമ്മന്‍ ചാണ്ടി ഇനിയും നമ്മെ സേ(ഷേ)വിക്കും..... ജോസഫ് വാഴയ്ക്കനും,പി.സി വിഷ്ണുനാഥും, ടി.എന്‍ പ്രതാപനും എണ്ണക്കമ്പനികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയെപ്പറ്റി ചാനല്‍ ചര്‍‌ച്ചകളില്‍ കണക്കുകള്‍ നിരത്തും. റിലയന്‍സിന്റെയും, എസ്സാറിന്റെയും കുടുംബങ്ങളില്‍ പട്ടിണി കിടക്കുന്ന പാവം എണ്ണക്കമ്പനി മുതലാളിമാരുടെ ദൈന്യതയെപ്പറ്റി നമ്മെ ബോധവല്‍ക്കരിക്കും. ബി.പി.എല്‍ കാര്‍‌ഡ് കിട്ടാതെ പോയതിന്റെ പേരില്‍ ഒരു രൂഫയുടെ അരി പോലും നിഷേധിക്കപ്പെട്ട് സോമാലിയയിലെയും, ഉട്ട്യോപ്യയിലെയും പട്ടിണിക്കോലങ്ങളെപ്പോലെ പൊട്ടിക്കരയുന്ന എണ്ണക്കമ്പനി മുതലാളിക്കുഞ്ഞുങ്ങളുടെ നിസ്സഹായാവസ്ഥ വികാര നിര്‍‌ഭരമായി വിവരിക്കും.
കൂട്ടിക്കൊടുപ്പ് മാത്രം ശീലമാക്കിയ മ-മാദ്ധ്യമങ്ങള്‍ "പൊള്ളുന്നു, കൊല്ലുന്നു" എന്നൊക്കെ മുന്‍ പേജില്‍ വെണ്ടയ്ക്ക നിരത്തും. കത്തിയെരിയുന്ന അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയെപ്പറ്റി രണ്ടു ദിവസം മുഖപ്രസംഗം എഴുതും. സോമാലിയയിലും, ഹിരോഷിമയിലും, ബ്രസീലിലും, ഇറാക്കിലും ചത്തുവീണ ആയിരങ്ങളെ കൂട്ടത്തോടെ കത്തിക്കാന്‍ ഉപയോഗിച്ച എണ്ണയുടെയും രാഹുല്‍ ഗാന്ധി തിന്ന പൊറോട്ടയില്‍ ചേര്‍‌ത്ത എണ്ണയുടെയും വില നിലവാരങ്ങള്‍ താരതമ്യം ചെയ്ത് വായനക്കാരന്റെ മൂക്കത്തു വിരലും, മൂക്കിനുള്ളില്‍ പഞ്ഞിയും വയ്പ്പിക്കും.
നാളെ പണിമുടക്കാഘോഷവും കഴിഞ്ഞ് മറ്റെന്നാള്‍ നമ്മള്‍ വീണ്ടും "എന്റെ രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ ഞാനഭിമാനം കൊള്ളുന്നു" എന്ന്‌ ഉറക്കെ വിളിയ്ക്കും. ലോകരാജ്യങ്ങളുടെ മുമ്പില്‍ നമ്മള്‍ നമ്മുടെ വികസ്വര സ്വപ്നങ്ങള്‍ പങ്കു വയ്ക്കും. അപ്പോഴും, അങ്ങ് ഡല്‍ഹിയില്‍ ബി.എം.ഡബ്ല്യുവിന്റെ ബുള്ളറ്റ് പ്രൂഫ് കാറില്‍ ഇന്‍ഡ്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ അടിമ നമ്മുടെ നികുതിപ്പണം പൊള്ളിച്ചു കൊണ്ടേയിരിക്കും.
ഒടുവില്‍ , എണ്ണവിലവര്‍‌ദ്ധനയുടെ ബാക്കി പത്രമായ നിത്യോപയോഗ സാധന വിലക്കയറ്റത്തിനു മുമ്പില്‍ നട്ടെല്ലു വളയ്ക്കാതെ ഒരു ത്രിവര്‍‌ണ്ണ പതാകയുടെ തണലില്‍ നിന്നു നമ്മള്‍ ഉറക്കെയുറക്കെ വിളിയ്ക്കും.... "ജയ് ഹിന്ദ്....."

No comments:

Post a Comment